ജിഷാവധക്കേസില്‍ അന്തിമ വാദം കേള്‍ക്കാന്‍ അമ്മ രാജേശ്വരി ഇല്ല; പോലീസ് അകമ്പടിയോടെ മൂകാംബിക ദര്‍ശനവും, മൂന്നാര്‍ യാത്രയും
പെരുമ്പാവൂര്‍ ജിഷാവധക്കേസ് പ്രതി അമിറുള്‍ ഇസ്ലാമിനെ പുറത്തിറക്കാന്‍ അഡ്വ.ആളൂര്‍ ഇന്ന് അവസാനവട്ട വാദം തുടങ്ങാനിരിക്കെ ജിഷയുടെ അമ്മ രാജേശ്വരി മൂകാംബിക ക്ഷേത്രദര്‍ശനത്തിന്റെ തിരക്കില്‍. രണ്ട് വനിത പൊലീസുകാര്‍ക്കൊപ്പം രാജേശ്വരി ഇന്നലെയാണ് മൂകാംബികയിലേയ്ക്ക് പുറപ്പെട്ടത്. ക്ഷേത്രദര്‍ശനത്തിന് ശേഷം മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാന്‍ പോകണമെന്ന ആഗ്രഹം രാജേശ്വരി മകളുമായി പങ്കിട്ടെന്നും തിരികെ വീട്ടിലേക്കുള്ള യാത്ര മൂന്നാര്‍ ചുറ്റിക്കറങ്ങിയ ശേഷമായിക്കുമെന്നുമാണ് സൂചന.നേരത്തെ ജിഷ നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്നത് കാണാന്‍ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും അതിനാലാണ് മടക്കം നീലക്കൂറിഞ്ഞി കണ്ടിട്ടാവാമെന്ന് തീരുമാനിച്ചതെന്നുമാണ് രാജേശ്വരി ഇക്കാര്യത്തില്‍ അടുപ്പക്കാരുമായി പങ്കിട്ട വിവരം. വാദം കേള്‍ക്കാന്‍ പോകാന്‍ തനിക്ക് അതിയായ താല്‍പര്യമുണ്ടെങ്കിലും ലീവ് എടുക്കാന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ താനും കോടതിയില്‍ പോകുന്നില്ലെന്ന് ജിഷയുടെ സഹോദരിയും പെരുമ്പാവൂര്‍ താലൂക്ക് ഓഫീസിലെ ജീവനക്കാരിയായ ദീപ പറഞ്ഞതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ജിഷയുടെ അച്ഛന്‍ പാപ്പു റോഡരികില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. അന്ന് ഭര്‍ത്താവിന്റെ മൃതദേഹം കാണാന്‍ പോലും രാജേശ്വരി എത്തിയിരുന്നില്ല.
വാദം അവസാന ഘട്ടത്തില്‍ നില്‍ക്കേ തന്റെ ഭാഗം വിജയിപ്പിക്കാന്‍ പതിനെട്ടവും പയറ്റാന്‍ ലക്ഷ്യമിട്ടാണ് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.ആളൂര്‍ ഇന്ന് കോടതിയിലേക്ക് തിരിച്ചിട്ടുള്ളത്. ജിഷ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മാതാവ് രാജേശ്വരിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊലീസ് സംരക്ഷണം ഇപ്പോഴും തുടരുന്നുണ്ട്. താല്‍പര്യപ്പെടുന്നവരെ മാത്രം ഡ്യൂട്ടിക്കയച്ചാല്‍ മതിയെന്ന ഇവരുട നിലപാട് പലപ്പോഴും അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.പക്ഷേ ഈ അതൃപ്തി ഇവര്‍ പുറത്തറിയിക്കുന്നില്ലന്നുമാത്രം.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇഷ്ടം തോന്നിയ പൊലീസുകാരിക്ക് രാജേശ്വരി സമ്മാനമായി വച്ചുനീട്ടിയത് 2000 രൂപ. അവര്‍ ഇത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ബസ് കയറി വീട്ടിലേക്കുള്ള യാത്രക്കിടെ ബാഗ് തുറന്നുനോക്കിയ അവര്‍ കണ്ടത് ബാഗില്‍ കണക്കില്‍പ്പെടാത്ത 2000 രൂപ. താന്‍ കാണാതെ രാജേശ്വരി ബാഗില്‍ ഈ പണം നിക്ഷേപിച്ചതാണെന്ന് ഇവര്‍ക്ക് ബോദ്ധ്യമായി. ഇവര്‍ ഉടന്‍ താന്‍ ജോലിചെയ്യുന്ന സ്റ്റേഷനില്‍ എത്തി സബ് ഇന്‍സ്പെക്ടറെ വിവരം അറിയിച്ചു. റിപ്പോര്‍ട്ടെഴുതി പണം സ്റ്റേഷനില്‍ ഏല്‍പ്പിക്കാനായിരുന്നു ഉന്നതങ്ങളില്‍ നിന്നും ഇവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.പിറ്റേന്ന് സ്റ്റേഷനില്‍ നിന്നും ഉത്തരവാദിത്വപ്പെട്ടവര്‍ വീട്ടിലെത്തി തുക രാജേശ്വരിയെ ഏല്‍പ്പിച്ചു.മേലില്‍ ഇത് അവര്‍ത്തിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കി. ജിഷ കൊല്ലപ്പെട്ടതിനു ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ രാജേശ്വരിക്ക് അകനാട് മൂലേപ്പാടത്ത് ആറുസെന്റില്‍ സര്‍ക്കാര്‍ പണിതു നല്‍കിയ കോണ്‍ക്രീറ്റ് വീട്ടിലേയ്ക്കാണ് രാജേശ്വരി എത്തിയത്. ഒപ്പം മകള്‍ ദീപയും മകനുമുണ്ട്. ഇപ്പോള്‍ ഈ വീടിന് സൗകര്യം പോരെന്നാണ് രാജേശ്വരിയുടെ പരാതി. തുണി ഉണക്കാന്‍ സൗകര്യമില്ലെന്നും ഒരു മുറി പോലീസുകാരികള്‍ എടുത്തുവെന്നും അതിനാല്‍ വീടിന് സൗകര്യം കൂട്ടണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ ഇവര്‍ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ എത്തിയിരുന്നു.എന്നാല്‍ ഈ ആവശ്യം കളക്ടര്‍ അംഗീകരിച്ചില്ല. കൈയില്‍ പണമെത്തുതനുസരിച്ച് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു കളക്ടറുടെ നിലപാട്. അടിയന്തിര ധനസഹായമായിക്കിട്ടിയ ഒരുലക്ഷം രൂപ നിലവിലെ താമസസ്ഥലത്ത് കുഴല്‍കിണര്‍ താഴ്ത്താന്‍ തികഞ്ഞില്ലെന്നും ഇതിനായി ഒരുലക്ഷത്തിമുപ്പതിനായിരം രൂപ ചെലവായെന്നും ഇവര്‍ പിന്നീട് വെളിപ്പെടുത്തി.വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തോട് ചേര്‍ന്ന് ഒരുസെന്റ് സ്ഥലം വില കൊടുത്ത് വാങ്ങിയിട്ടുണ്ടെന്നും ഈ ഭാഗത്ത് ചുറ്റുമതിലില്ലാത്തതിനാല്‍ പ്രദേശവാസികള്‍ ഇവിടം കേന്ദ്രമാക്കി ചുറ്റിത്തിരിയുകയാണെന്നും ഇത് ശല്യമായി മാറിയെന്നും അതിനാല്‍ ഈ സ്ഥലം നിലവിലെ സ്ഥലത്തോട് ചേര്‍ത്ത് മതില്‍ കെട്ടിസംരക്ഷിക്കണമെന്നുള്ള ആവശ്യവും രാജേശ്വരി കളക്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നുജിഷ കൊല്ലപ്പെട്ടതിന് പിന്നാലെ കുടുംബത്തിന്റെ ദുഃസ്ഥിയറിഞ്ഞ് സഹായഹസ്തവുമായി എത്തിയവര്‍ ഏറെയാണ്. അന്നത്തെ ജില്ലാ കളക്ടര്‍ രാജമാണിക്യം മുന്‍കൈ എടുത്ത് തുടങ്ങിയ ബാങ്ക് അക്കൗണ്ടില്‍ ഇതുവരെ പലവകയില്‍ അരകോടിയിലെറെ രൂപ എത്തിയിട്ടുണ്ടെന്നാണ് ഏകദേശകണക്ക്. നടന്‍ ജയറാം നല്‍കിയ രണ്ടുലക്ഷം രൂപയും കുടുംബശ്രീ പ്രവര്‍ത്തകര്‍ നല്‍കിയ രണ്ടരലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ച പത്തുലക്ഷം രൂപയുമാണ് ഈ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ട വലിയതുകള്‍. സംസ്ഥാന പട്ടികജാതി- പട്ടിക വര്‍ഗ്ഗക്ഷേമസമിതി അനുവദിച്ച 8.25 ലക്ഷം രൂപയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.പാര്‍ട്ടിക്കാര്‍ പിരിച്ചുനല്‍കി ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകയുടെ പലിശയും സര്‍ക്കാര്‍ പ്രഖ്യപിച്ച പ്രതിമാസ പെന്‍ഷനായി പ്രഖ്യാപിക്കപ്പെട്ട 5000 രൂപയുമാണ് നിലവിലെ വരുമാനമെന്നും ഇത് തന്റെയും മകളുടെയും ആശുപത്രി ചെലവിനും മറ്റാവശ്യങ്ങള്‍ക്കുമായി ചെലവിടുകയാണെന്നുമാണ് അടുത്തകാലത്ത് ഇവര്‍ പുറത്ത് വിട്ട വിവരം.

Comments
Post a Comment