മുപ്പതാം വയസിൽ പത്താം ക്ലാസ് പാസായി: അതിനും മുൻപേ ഡോക്ടറായി; വ്യാജനായി വിലസുന്ന ആശുപത്രി എം.ഡി
ആരോപണങ്ങളിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കൊച്ചിയിലെ അൽഫിഷാ ആശുപത്രി ശൃംഖലയിലെ സ്ഥാപനങ്ങൾക്കെതിരെ കൂടുതൽ പരാതികൾ പുറത്തു വരുന്നു. ആശുപത്രി അടച്ചു പൂട്ടിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മാധ്യമങ്ങൾ പോലും ഇതുവരെ മുക്കി വച്ചിരുന്ന പരാതി സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. ആശുപത്രിയുടെ മാനേജിങ് ഡയറക്ടറും സ്ഥാപകനുമായ ഡോ. ഷാജഹാന്റെ മെഡിക്കൽ ബിരുദം വ്യാജമെന്നു കണ്ടെത്തി ഐഎംഎയിൽനിന്നു പുറത്താക്കിയതിനു പിന്നാലെയാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കും ആവശ്യമായ രേഖകൾ ഉണ്ടായിരുന്നില്ലെന്നു വ്യക്തമാകുന്നത്. ഞെട്ടിക്കുന്ന ആരോപണങ്ങളാണ് രോഗികളിൽനിന്നും ഐഎംഎയിൽനിന്നും ഉയർന്നിരിക്കുന്നത്. ഡോ. ഷാജഹാന്റെ ട്രാവൻകൂർ-കൊച്ചി (ടിസി) മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടിയെടുത്തതിലും തട്ടിപ്പു നടന്നു. 2002-2003 കാലഘട്ടത്തിൽ ലഭിച്ച പരാതിയെത്തുടർന്നാണു ഡോക്ടറെക്കുറിച്ചുള്ള അന്വേഷണം നടത്തിയത്. ഈ ആശുപത്രിയെക്കുറിച്ചും പരാതി ലഭിച്ചിരുന്നു. അന്ന് ഐഎംഎ നടത്തിയ അന്വേഷണത്തിൽ അദ്ദേഹമല്ല ഓപ്പറേഷൻ നടത്തുന്നത് എന്നായിരുന്നു മറുപടി. ഹോമിയോ ഡിപ്ലോമയുണ്ടെന്നും മറുപടി നൽകി. അതിനുശേഷം വളരെ വൈകിയാണ് ടിസി മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ നേടിയത്. തൊടുപുഴ ബ്രാഞ്ച് വഴി ഐഎംഎ രജിസ്ട്രേഷനും നേടി. നിരവധി പരാതികൾ കിട്ടിയതോടെ അന്വേഷണം നടത്തിയത്. ഇതിൽ രേഖകളിൽ വലിയ വ്യത്യാസങ്ങളാണ് കണ്ടെത്തിയത്. എസ്എസ്എൽസി പാസായ സമയം, എംബിബിഎസ് ചെയ്ത വർഷം, പിജി ചെയ്ത വർഷം എന്നിവയിലെല്ലാം വലിയ വ്യത്യാസമുണ്ട്. ഇതേത്തുടർന്നാണ് അന്വേഷണക്കമ്മിറ്റിയുടെ നിർദേശത്തെത്തുടർന്ന് പുറത്താക്കിയത്.
മെഡിക്കൽ കൗൺസിലും ഡിജിപിക്കും ഡോ. ഷാജഹാനെതിരേ പരാതി നൽകിയിട്ടുണ്ട്. രോഗികളിൽനിന്നാണ് ഏറ്റവുംകൂടുതൽ പരാതി ലഭിച്ചത്. ടിസി മെഡിക്കൽ കൗൺസിലും ഡോ. ഷാജഹാന്റെ പ്രാഥമിക രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ വിവരം. ആശുപത്രി കെട്ടിപ്പൊക്കിയതിലും വമ്പൻ അഴിമതിയുണ്ടെന്നാണ് തെളിയുന്നത്. ആശുപത്രിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ല. ഫയർ ഫോഴ്സിന്റെയും സർട്ടിഫിക്കറ്റില്ല. ലൈസൻസുമില്ല. പെർമിറ്റ് ഇല്ലാത്ത ആശുപത്രിയിൽ പ്രത്യേക തരം ചികിത്സ നടത്തുന്നെന്നുന്നെന്നും അര മണിക്കൂർ കൊണ്ടു രോഗം ഭേദമാകുമെന്നും കോടികളുടെ പരസ്യം ചെയ്തായിരുന്നു എല്ലാ തട്ടിപ്പുകളെയും മറച്ചുവച്ചിരുന്നത്. രോഗികളെ വ്യാപകമായി വഞ്ചിച്ചുകൊണ്ടായിരുന്നു ആശുപത്രിയുടെ പ്രവർത്തനം. പൈൽസ് പോലുള്ള രോഗങ്ങൾ പുറത്തുപറയാൻ മടിക്കുന്നതാണ്. ഇതു ചൂഷണം ചെയ്തായിരുന്നു ആശുപത്രിയുടെ വളർച്ച. പലർക്കും ജീവതത്തിലുടെനീളം നരകമാണ് ബാക്കിയായതെന്നും പോലീസിനും വിവിധ അധികൃതർക്കും നൽകിയ പരാതികളിൽനിന്നു വ്യക്തമാണ്.
നിരന്തര സർജറികൾക്കു ശേഷവും രോഗം ഭേദമാകാതെ ഒടുവിൽ മറ്റ് ആശുപത്രികളിൽ ചികിത്സ നേടേണ്ടിവരുന്ന ഗതികേടിലാണു പലരും. കളമശേരി സർക്കിൾ ഇൻസ്പെക്ടർ അടക്കമുള്ളവർക്കു പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുത്തിട്ടില്ല. പരാതിയുമായി രംഗത്തെത്തിയ രോഗികളിൽ ഒരാൾ ഐജി മനോജ് ഏബ്രഹാമിനെതിരേയും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പരാതികൾ മുക്കുന്നതിൽ പോലീസിനു വലിയ പങ്കുണ്ടെന്നും സൂചനയുണ്ട്. പരാതിപ്പെടുന്നവരുടെ മുറിവുകൾ പ്രതികാര ബുദ്ധിയോടെ കൂടുതൽ വഷളാക്കുന്നെന്ന ആരോപണവും പരാതിക്കാരിൽ ഒരാളായ മുഹമ്മദലി പറഞ്ഞു. എന്നാൽ, ഡോ. ഷാജഹാൻ വ്യാജ ഡോക്ടറാണോ എന്ന അന്വേഷണങ്ങൾക്ക് ആശുപത്രി മാനേജ്മെന്റ് കൃത്യമായ മറുപടി നൽകിയിട്ടില്ല. മറ്റൊരു റിട്ടയേഡ് ഡോക്ടറാണ് ഓപ്പറേഷനുകൾ നടത്തുന്നതെന്നാണ് മാനേജ്മെന്റിന്റെ വാദം. അതേസമയം, പരാതികളുമായി എത്തിയ രോഗികൾ ഓപ്പറേഷൻ നടത്തിയത് ഷാജഹാനാണെന്ന് അടിവരയിടുന്നത്.
മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും വ്യാപക അഴിമതിയുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും ഇതോടനുബന്ധിച്ച് ഉയരുന്നുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ കൃത്യമായി പരിശോധിക്കാതെയാണ് ഡോ. ഷാജഹാനടക്കം സർട്ടിഫിക്കറ്റ് നൽകിയതെന്ന് പരാതികളിൽനിന്നും സർട്ടിഫിക്കറ്റുകളിൽനിന്നും വ്യക്തമാണ്. ഇതേക്കുറിച്ച് ഐ.എം.എ. നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ രേഖകൾ ജനങ്ങൾക്കു മുന്നിൽ കാട്ടുകയാണെങ്കിൽ ഞെട്ടിപ്പോകുമെന്ന് ഐഎംഎ സെക്രട്ടറി ഡോ. സുൾഫി പറയുന്നു. ഒരോ അംഗീകാരവും സംശയം ജനിപ്പിക്കുന്നതാണ്. സർട്ടിഫിക്കറ്റുകളിൽ ഒന്നായ പ്രോക്ടോളജി എംഎസ് ജനറൽ സർജറി എന്ന കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്ന കാലയളവിൽ സിആർആർഐ (ഹൗസ് സർജൻസി) ഇന്ത്യയിലെ മറ്റൊരു ആശുപത്രിയിൽ ചെയ്തെന്നാണു കാട്ടിയിരിക്കുന്നത്. 1962ൽ ജനിച്ച ഡോ. ഷാജഹാൻ, എസ്എസ്എൽസി പാസായെന്നു കാട്ടുന്നത് 1992ൽ ആണ്. അതായത് മുപ്പതാമത്തെ വയസിലാണ് എസ്.എസ്.എൽ.സി. പാസായത്! ഫോറിൻ മെഡിക്കൽ കൗൺസിലിൽ സമർപ്പിച്ച രേഖയിലാണിതു കാണിക്കുന്നത്. അതുപോലെ ഹോമിയോ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എടുത്തിരിക്കുന്ന തീയതി കാട്ടിയിരിക്കുന്നത് 1987 ആണ്. അതായത് എസ്.എസ്എൽസി പാസാകുന്നതിനു മുമ്പേ അദ്ദേഹം ഹോമിയോയിൽ ബിരുദം നേടി! ഇതു പരിശോധിച്ച ഐഎംഐ ഞെട്ടിപ്പോയെന്നും ഡോ. സുൾഫി ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു. ഐഎംഎയെ കബളിപ്പിച്ചെന്ന പരാതിയും പോലീസിനു കൈമാറിയിട്ടുണ്ട്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽനിന്ന സമ്പാദിച്ച വ്യാജരേഖ ടിസി മെഡിക്കൽ കൗൺസിലിനു സമർപ്പിച്ച് മറ്റൊരു വ്യജ രേഖ സമ്പാദിച്ചെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഡോ. ഷാജഹാന്റെ പാസ്പോർട്ടിന്റെ രേഖകൾ പരിശോധിച്ചാൽ വിദേശത്തു പോയത് എപ്പോഴൊക്കെയാണെന്നും ഇതിൽ പഠന കാലയളവ് എപ്പോഴാണെന്നും മനസിലാക്കാം. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ പോലീസ് സർവ പരാതികളും ഒതുക്കുകയായിരുന്നു എന്നാണ് സൂചന. പരസ്യങ്ങൾക്കു പിന്നാലെ പോയി വഞ്ചിക്കപ്പെട്ടവരാണ് രോഗികളിൽ ഏറെയും. കേരളത്തിലെ ദൃശ്യ അച്ചടി മാധ്യമങ്ങളിലൂടെ കോടികൾ ഒഴുക്കിയാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ അൽ-ഷിഫ ഹോസ്പിറ്റൽ അസ്ഥിവാരം കെട്ടിപ്പൊക്കിയത്. പരസ്യങ്ങളിൽ വിശ്വസിച്ചാണ് ഇവരിലേക്ക് കൂടുതൽ രോഗികൾ എത്തിയതും. പരാതിക്കാരിയായ എലിസബത്ത് എന്ന അധ്യാപികയെ ചികിത്സിക്കുമ്പോഴൊന്നും ഇദ്ദേഹത്തിനു ബിരുദമുണ്ടായിരുന്നില്ല. ഏറ്റവും പ്രാകൃതമായ രീതിയിലാണ് ഡോ. ഷാജഹാൻ ശസ്ത്രക്രിയ നടത്തിയതെന്ന് എലിസബത്ത് പറയുന്നു. മരുന്നുപോലും വച്ചുതരാൻ ആശുപത്രി അധികൃതർ തയാറായിരുന്നില്ല. ഇവരുടെ മസിലിന്റെ ശേഷി നഷ്ടപ്പെട്ടു പോയി. ഇപ്പോൾ പുറത്തു പോകാൻ പോലും കഴിയാത്ത സ്ഥതിയിലാണ്. അന്നത്തെ സിറ്റി പോലീസ് കമ്മിഷണറായിരുന്ന മനോജ് ഏബ്രഹാമും പരാതി പരിഗണിച്ചില്ല. ഇത്തരത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡോ. ഷാജഹാനെതിരേയും അൽഷിഫ ഹോസ്പിറ്റലിന് എതിരേയും ഉയർന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ആരോഗ്യ മേഖലയിലെ കടുത്ത അഴിമതിയുടെ കഥകൾകൂടിയാണ് അൽഷിഫയിലൂടെ ഉയർന്നുവരുന്നത്.

Comments
Post a Comment